Sunday, April 19, 2020

ചാപിള്ളയ്ക്കൊരിടം



       ഇനിയെത്ര നേരം, കന്നാസ്സിന്റെ അടിത്തട്ടിൽ കുറച്ചു കൂടി മണ്ണെണ്ണ  ഉണ്ട്. അത് കൂടി തീർന്നാൽ  പിന്നെ മുറിയാകെ ഇരുട്ട്. മുറിയിൽ കത്തിച്ചു വെച്ച മണ്ണെണ്ണ വിളക്ക് കണക്കെ കണ്ണുകൾ ഇടയ്ക്കിടെ അടയുന്നു ഉറക്കത്തോട് പൊരുതാൻ തുടങ്ങിയിട്ട് നേരം കുറെയായി . അടുത്തിടെ മെഴുകിയ ചാണക തറക്ക് പുതു മണ്ണിന്റെ മണമാണോ തിരിച്ചറിയാൻ കഴിയുന്നില്ല. ഉറങ്ങി കിടന്ന കുഞ്ഞിയുടെ കയ്യിൽ നിന്ന് തള്ള  വിരൽ വിടുവിക്കാൻ നോക്കി  ഉണ്ണിമോൾ പരാജയപ്പെട്ടു. ഉറക്കം, എല്ലാ മത്സരങ്ങളും ജയിക്കുന്ന ഒരു ഗുസ്തിക്കാരനെ കണക്ക് അവളെ  വരിഞ്ഞു കെട്ടാൻ നോക്കുന്നെങ്കിലും അവളിലെ ആകാംക്ഷ  വിജയിച്ചു കൊണ്ടേയിരുന്നു . അകത്തെ മുറിയിൽ  നിന്ന് പിറുപിറുക്കലുകൾ കേൾക്കാം, അവൾ അതിനു ചെവി കൊടുത്തു. വിറയാർന്ന  സ്വരത്തിൽ എന്തൊക്കെയോ  പറയുകയാണ്അമ്മ, കേൾവിക്കാരി പതിച്ചി നാണി പണിക്കത്തി ആണ്.

         എത്ര നേരം മുമ്പാണ് അമ്മയ്ക്ക് നോവ്വന്നതെന്നറിയില്ല എങ്കിലും സന്ധ്യ കഴിഞ്ഞിരുന്നു,ആകാശത്ത് നിന്ന് ഇരുട്ട് അരിച്ചരിച്ചു ഇറങ്ങി തുടങ്ങിയിരുന്നു. ഓടി അണച്ച് നാണിയമ്മയുടെ പുരയിൽ എത്തുമ്പോൾ അവരെ വേലു പണിക്കൻ തല്ലി തുടങ്ങിയതേ ഉള്ളൂ .  കാര്യം പറഞ്ഞപ്പോൾ കള്ള്  തലയ്ക്കു അള്ളി പിടിച്ചിരുന്നിട്ടും  നാണിയമ്മയെ  വിട്ടു. മുടിക്കെട്ടിൽ  കുത്തിപ്പിടിച്ചു  കുനിച്ചുനിർത്തി ഒന്നോ രണ്ടോ തവണയേ അവരുടെ പുറത്തേക്കു മുട്ടുകൈ താത്തീട്ടുള്ളു എന്നതിൻറെ നിരാശ അയാളിൽ ഉണ്ടായിരുന്നു. പൂർത്തിയാവാത്ത  പരിഭവങ്ങളും , വേദനയും തന്റെ പ്രാക്കിലും ശകാരത്തിലും നിറച്ചു ഇരുട്ടിലേക്ക് അവർ ഇറങ്ങി വന്നു. ഓരോ അടി നടക്കുമ്പോഴും അകലെ ഇരുട്ടിൽ ഒളിച്ചിരിക്കുന്ന എന്തിനെയോ ഉണ്ണിമോൾ പേടിക്കും പോലെ. ഇടയ്ക്കിടെ ചീവീടിൻറെ  ചില, പിന്നെ മൗനം. ആകാശത്ത് അങ്ങിങ്ങ്  നില്ക്കുന്ന നക്ഷത്രങ്ങളും ഇരുട്ട് കണ്ടു ഭയന്ന് കണ്ണടക്കുന്നതായി ഉണ്ണിക്കു തോന്നി. മൗനത്തിനും , ചീവിടിന്റെ  ചിലക്കും, ഇടക്കിടെ മാനത്തെ വെള്ളിടിക്കും  ഇടവേളകൾ തീർത്തു  നാണിയമ്മയുടെ ഗുണം പിടിക്കാത്തവൻ , മുടിഞ്ഞവൻ,ഇങ്ങനിടിച്ചാ ഒണ്ടാവും കൊറേ  എന്നൊക്കെയുള്ള  ഭള്ള് പറച്ചിലുകൾ , പിന്നെ അവരും കുറെ നേരം മിണ്ടാതെ നടക്കും . പെട്ടെന്ന് നാണിയമ്മ ചോദിച്ചു. "അപ്പം കൊവാലൻ കൊച്ചാട്ടൻ വന്നു പോയിട്ട്  എട്ടു-ഒമ്പത് മാസമായി അല്ലിയോ മോളേ ?"
  അറിയില്ല അന്ന് വന്നപ്പം ഞങ്ങൾക്ക് കപ്പലണ്ടി മുട്ടായി കൊണ്ടുവന്നു,എന്നാ  വന്നേന്ന് അറിയില്ല " അവൾ പറഞ്ഞു. "എട്ടൊമ്പത്  മാസമായി അതല്ലേ അമ്മക്ക് പേറ്റ് വേദന. നിങ്ങടെ എളയതാ അമ്മേടെ വയറ്റിൽ" . " അതെന്താ അച്ഛൻ വന്നേന് അമ്മക്ക് ഇപ്പം  വേദന." കളങ്കമില്ലാതെ ഉണ്ണിമോൾ ചോദിച്ചു . അതിനു നാണിയമ്മ ഒരു ചിരിയാണ് മറുപടിയായി നല്കിയത്, ഉത്തരം കേൾക്കാൻ നിക്കാതെ ഉണ്ണിമോളും  എന്തോ ചിന്തയിലേക്ക് ആണ്ടു .

         ഗോപലാൻ നായരുടെയും,സാവിത്രി അമ്മയുടെയും ആദ്യ സന്തതിയാണ് ഉണ്ണി മോൾ. അവൾക്കു  താഴെ രണ്ടു പേർ പാറുവും കുഞ്ഞിയും. ഇത് നാലാമത്തെ പേറാണ്  ഉണ്ണിക്കു ഇപ്പോൾ പതിനൊന്നു  വയസ്സായി,പാറുവിന്  ആറും ,കുഞ്ഞിക്കു മൂന്നും . ഗോപാലേട്ടൻ  ഒരു സഞ്ചാരിയാണ്. സാവിത്രിയമ്മ ഗോപലാൻ നായരുടെ രണ്ടാം കെട്ടിലെ അച്ചിയാണ് . ആദ്യ ഭാര്യ മരിച്ചു, ബന്ധത്തിൽ മൂന്നുപിള്ളാര്, രണ്ടാണും, ഒരു പെണ്ണും . പെങ്കൊച്ചിന്റെ കല്യാണം ഒക്കെ കഴിഞ്ഞപ്പോളാണ് തനിക്കും ഒരു കല്യാണം എന്ന പൂതി ഗോപാലേട്ടന് ഉണ്ടാവുന്നത് . പുള്ളീടെ മൂത്ത മോൻ, പട്ടാളക്കാരൻ മാധവൻ  പറയുന്നേ, നീലാണ്ടമ്മാൻ ഒള്ള കള്ളു മേടിച്ചും കൊടുത്തു കെട്ടാ ചരക്കായി നിന്ന അങ്ങേരുടെ പെങ്ങടെ മോളെ അച്ഛന്റെ തലേ കെട്ടി  വെച്ചെന്നാണ്. കെട്ടുമ്പോൾ സാവിത്രിയമ്മക്ക്  ഇരുപത്തെട്ടും ഗോപാലേട്ടനു നാപ്പത്തെട്ടും ആരുന്നു പ്രായം. മാധവൻ പറഞ്ഞ കണക്കു നേരെ മൂത്ത ചേട്ടത്തിമാരെ കെട്ടിച്ചു വിട്ട് ഇനിയൊന്നിനെ കൂടി കെട്ടിച്ചു വിടാൻ പറ്റില്ലാന്ന്  സാവിത്രിയമ്മേടെ അച്ഛന് ഉറപ്പായിരുന്നു. അവർക്കു ഇളയത് ഒരു പെണ്ണും ഒരാണും വളന്നു വരുന്നു . ഇനി ഒള്ള ചെക്കനെ പഠിപ്പിക്കാനൊള്ളതേ  തൻ്റെ കയ്യിലുള്ളു എന്ന് അയാൾ ഇടയ്ക്കിടെ സാവിത്രിയമ്മേ ഓർമിപ്പിച്ചോണ്ടിരുന്നു. ഒരു വിവാഹവും കുടുംബവും ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പിച്ചിരുന്ന സമയത്താണ് രണ്ടാം കെട്ടുകാരൻ ഗോപാലൻനായരുടെ ആലോചന അവരുടെ അമ്മാവൻ നീലാണ്ടൻ കൊണ്ടുവരുന്നത്. അച്ഛൻറെ ബാധ്യത ഒഴിക്കാനെന്ന വണ്ണം അവർ കല്യാണത്തിന് സമ്മതിച്ചു. കെട്ടിക്കഴിഞ്ഞിട്ടാണ് സാവിത്രിയമ്മക്ക് മനസിലായത് എല്ലാ ആണുങ്ങളേം പോലെ ഗോപാലേട്ടനും അവനവനിൽ നിന്നും ഒളിച്ചോടുന്നവനാണെന്ന് . കെട്ടി ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ അയാൾ ഊരു ചുറ്റാൻ തുടങ്ങി. അവർ പശൂനെ വളർത്തി  ആണ് മൂന്ന് പിള്ളേരെ പോറ്റുന്നത്. ഇടയ്ക്കു വരുമ്പോൾ കൊണ്ടുവരുന്ന കപ്പലണ്ടിമുട്ടായിയും, പപ്പടവടയും ഒക്കെ മാത്രമാണ് അയാൾ തൻ്റെ കുട്ടികൾക്ക് കൊണ്ടുവരുന്ന അകെ ഉള്ള സമ്മാനം.  സാവിത്രിയമ്മ പുറുപുറുക്കുന്ന കണക്ക്,  തെണ്ടിത്തിരിയലിനിടക്കെപ്പോളോ മൂന്നു പിള്ളാരൊണ്ടായി. പട്ടിണിയും, പരിവട്ടവും അനുഭവിക്കാനും, പോച്ചയും പുല്ലും ചുമക്കാനും , അമ്മയുടെ പള്ളു കേൾക്കാനും അടുത്ത ഒന്നും  കൂടി പള്ളേലെ ഇരുട്ടിനുള്ളിൽ കിടക്കുന്നു.

   ഉണ്ണിമോൾ ഇടക്കെപ്പോളോ ഒന്ന് കണ്ണടച്ചിരുന്നു,തന്റെ ചുമലിലേക്ക് ചാഞ്ഞുറങ്ങുന്ന പാറുവിന്റെ കൈ തട്ടിയോ മറ്റോ അവൾ പെട്ടെന്ന് ഇണീറ്റു . വീണ്ടും അവൾ അകത്തേക്ക്, നാഗയക്ഷി ക്കാവിലെ ഇലഞ്ഞി മരത്തിന്റെ ചില്ലകൾ  അമ്പലക്കുളത്തിലേക്ക് എന്ന പോലെ ചെവി വട്ടം പിടിച്ചു. അമ്മ പറയുന്നതിപ്പോൾ അല്പം വ്യക്തമായി കേൾക്കാം. “ എനിക്ക് ഒന്ന് കരയണം നാണീ, പേറ്റുനോവോണ്ടൊള്ള കരച്ചിലല്ല. മനസ്സ് വെന്തു പോയ,  വേവിനെ ആറ്റാനുള്ള കരച്ചിൽ.” അവർ നാണിയോടു വിറയാർന്ന സ്വരത്തിൽ പറഞ്ഞു. “മിണ്ടാതെ കെട  സാവിത്രിയിച്ചേയി , നിങ്ങൾക്ക് നോവ് സന്ധ്യക്ക് തുടങ്ങിയതാ ഇതിപ്പോ ഇരുട്ടി വല്ലാണ്ട് കറത്തു. ഇനീം ചുമ്മാ കിടന്നു ഓരോന്ന് പറഞ്ഞോണ്ടിരുന്ന ഇങ്ങനെ നീണ്ടു പോത്തേ ഉള്ളൂ. രണ്ടും രണ്ടായി കിട്ടാതെ എനിക്ക് നിങ്ങൾ പറയുന്നതും കേട്ടോണ്ടിരിക്കാൻ പറ്റുമോ. അതും ഒരു സഹായത്തിന് ആരേലും ഒണ്ടോ പൊടിക്കൊച്ചുങ്ങളല്ലാതെ”. നാണി പണിക്കത്തിക്ക്  നേരത്തു സാവിത്രിയോട് ചെറിയ ഒരു ഈർച്ച തോന്നി. ഒത്തിരി പേറെടുത്തിട്ടുണ്ടേലും   നമുക്ക് മനസിലാവാത്ത കണക്കു കാര്യം പറയുന്ന പെണ്ണുങ്ങളെ അവർ ഇതിനു മുൻപ് കണ്ടിട്ടില്ല. “അല്ല നാണീ അയാൾ എന്നെ സ്നേഹിച്ചിട്ടേ ഇല്ല. ആദ്യത്തെ പെണ്ണുമ്പിള്ളേ കണക്കല്ല ഞാൻ. അവരെ പോലെ സ്നേഹിക്കാൻ എനിക്ക് അറിയില്ല പോലും. തെണ്ടി തിരിഞ്ഞു വരുന്നവനോട് മുഖം വീർപ്പിക്കാൻ പാടില്ലല്ലോ. എന്നേം എൻറെ പിള്ളാരേം നോക്കാത്തോനേ ഞാൻ പൂവിട്ടു പൂജിക്കണമല്ലോ. ആവശ്യങ്ങൾ എന്തേലും പറയുന്നത് മഹാപാപം ആണല്ലോ. നാണീ, എന്നെ തൊടുമ്പോളൊക്കെ അയാൾ ആദ്യം അറക്കുമാരുന്നു, പിള്ളേരൊക്കെ അങ്ങേരുടെ പാതിബോധത്തിൽ ഒള്ളതുങ്ങളാ എന്നെ തൊടുമ്പോളൊക്കെ അയാൾ പറ്റുന്നത്ര ചാരായം മോന്താൻ നോക്കും. എന്നിട്ടു മുഖം അടച്ചൊന്നു തരും എനിക്ക്, തല മരച്ചു പോന്ന കണക്കത്തെ  വേദനേലും അയാൾക്ക് കിടന്നു കൊടുക്കും, വെറുപ്പ് കൊണ്ട് വലിയൊരു കച്ചിതുറു ഉണ്ടാക്കും മനസ്സിൽ. അയാളോടൊള്ള എൻ്റെ പ്രതികാരമാ ചത്ത പോലത്തെ കിടപ്പ്. എന്നാൽ ഇത്തവണ അയാടേനെ പെറണ്ട എന്ന് തീരുമാനിച്ചു. എനിക്ക് അങ്ങേരോടു വരുന്ന ദേഷ്യമെല്ലാം മൂത്ത പെണ്ണാ സഹിക്കുന്നേ. നേരത്തു എന്ത് കിട്ടുന്നോ അത് വെച്ച് തല്ലും. അവൾക്ക്  കാലന്റെ സന്തതിക്ക് ഒന്ന് കരയാൻ പോലും അറിയില്ല, അത് കാണുമ്പൊൾ കൂടുതൽ തല്ലും. എന്ത് അവിച്ചു കൊടുത്താലും  തിന്നും ജന്തു, ഒരു പരാതീം ഇല്ല. അടി എല്ലാം കൊണ്ട് തളന്നുറങ്ങുന്നേ കാണുമ്പോൾ എനിക്കെന്നോട് എന്തെന്നില്ലാത്ത വെറുപ്പ് തോന്നും. അന്നേരം എൻറെ കുഞ്ഞിനെ അടിച്ചല്ലോന്നു  ഓർത്തു കരഞ്ഞു ഞാനും കിടക്കും. അങ്ങനാ ഇത് വേണ്ടാന്ന് തീരുമാനിക്കുന്നേ.  ഇതൂടെ ദുരിതം ഒന്നും അനുഭവിക്കേണ്ട”. ഉണ്ണിമോൾടെ കണ്ണിൽ നിന്ന് അവൾ ആഗ്രഹിക്കാഞ്ഞിട്ടും കണ്ണുനീർ വന്നോണ്ടിരുന്നു, നെഞ്ഞത്ത് വല്ലാത്ത ഭാരം കണക്കവൾക്ക് തോന്നി. കണ്ടത്തിന്റെ അവിടുന്ന് വീട് വരെ ചുമ്മുന്ന ഒരു വല്ലം പോച്ചയേക്കാൾ വലിയ ചുമട് നെഞ്ഞത്ത് ഇരിക്കുന്ന പോലെ. പൊട്ടി ഒഴുകുന്ന കണ്ണീരോടെ അമ്മയോട് പോയി അമ്മ തല്ലുമ്പോൾ എനിക്ക് നോവറില്ലമ്മേ ,അമ്മേടെ വെഷമം കൊണ്ടല്ലേ  എന്ന് പറയണം എന്നുണ്ടാരുന്നു. 

   സാവിത്രിയമ്മ  പറഞ്ഞു കൊണ്ടിരുന്നത് മുഴുമിപ്പിക്കാതെ നാണി പണിക്കത്തി ഇടപെട്ടു, “അതിനെ ഇല്ലാണ്ടാക്കാൻ നിങ്ങൾ എന്ത് ചെയ്തു, നിങ്ങൾക്ക് വേണ്ടെങ്കിൽ എന്തിനാ കിടന്നു കൊടുത്തേ , പൂതി തീർക്കാൻ വേണ്ടീട്ടോ . ഒന്നില്ലാത്തേൻറെ വിഷമം അറിയുമോ  ഇച്ചേയിക്ക്, എനിക്കറിയാം. മച്ചിപ്പണിക്കത്തീന്നാ എന്നെ എല്ലാരും വിളിക്കുന്നേ  ഇത്രേം പേറെടുത്ത എനിക്കൊന്നിനെ ദൈവം ഇത് വരെ തന്നില്ല. ഏതൊക്കെ അമ്പലത്തിലാ ഭജനമിരുന്നേ, ഉരുളി കമത്തിയെ എന്റേതെന്ന് ഒന്നിനെ കിട്ടാനായിട്ട്. അറുപത്തഞ്ചിൽ കെട്ടി കൊണ്ട് വന്നതാ എന്നെ ഇങ്ങോട്ടു,  വരുന്ന ചിങ്ങത്തിൽ ഏഴു കൊല്ലമാവും കെട്ടു കഴിഞ്ഞിട്ട്. എൻറെ  പണിക്കൻ കള്ളും മോന്തി ദിവസോം നെടുംപൊറത്താ  ഇടിക്കുന്നേ , ഒന്നിനേ പോലും പെറാൻ പറ്റാത്ത കൂത്തിച്ചീന്നും പറഞ്ഞു. എന്നിട്ടു കെട്ടു വിട്ടു കഴിയുമ്പോൾ  എന്നേം കെട്ടി പിടിച്ചു കിടന്നു കരയും, ഇടിയെല്ലാം കൊണ്ടിട്ടു ആർക്കു വേണം അങ്ങനത്തെ സ്നേഹം . അങ്ങേരടെ തള്ള മച്ചി പശൂന്നല്ലാതെ എന്നെ വിളിക്കുകേല. ഒരു പുഴൂനെ പോലും പെറാൻ പറ്റിയോ നിനക്ക് എന്നാ എൻറെ നാത്തൂൻ എന്നോട് ചോദിക്കുന്നേ. നിങ്ങക്ക് വേണ്ടാരുന്നേൽ എനിക്ക് തരല്ലാരുന്നോ , നായര്  കൊച്ചിനെ വളർത്താൻ തണ്ടാൻ പണിക്കത്തിക്കു നാണിക്കണ്ടല്ലോ നിങ്ങൾക്കല്ലേ വെഷമം വരൂ, കൊല്ലുന്നേനേക്കാൾ ഭേദം അതല്ലിയോ” . തൊണ്ടയിൽ മീൻമുള്ളു കുരുങ്ങിയ കണക്കെ അവർ ഇടക്കിടെ കക്കി ചുമച്ചു കൊണ്ടിരുന്നു. തൻറെ വിഷമം തൊണ്ടക്കു മുകളിൽ എത്തുമ്പോൾ ഒഴുക്കില്ലാത്ത ജലാശയം കണക്കെ മരവിച്ചു പോകാൻ അവർ കണ്ടെത്തിയ സൂത്രമാരുന്നു ചുമ .

നാണിയുടെ വേദന നിറഞ്ഞ കണ്ണുകൾ തൻറെ കയ്യകലത്തിലിരുന്നു കത്തുന്ന മണ്ണെണ്ണ  വിളക്കിനേക്കാൾ നീലിച്ചു  കത്തുന്നു എന്ന്  സാവിത്രിക്കു തോന്നി .“ഞാൻ നമ്മടെ കുമാരൻ ഇല്ലേ കല്ല് വെട്ടാനൊക്കെ പോന്ന അവനെ കൊണ്ട് ഒരു മരുന്ന് മേടിപ്പിച്ചു അവൻ പറഞ്ഞത് കറുപ്പു കലർത്തിയ എന്തോ കഷായം ആന്നാ.  അവന് ചില ലാടൻമാരെ ഒക്കെ അറിയാം. അവരടെ കയ്യീന്ന് വാങ്ങിയതാ.  അത് മൂന്നാലു ദിവസം സേവിച്ചു. കൊച്ചിന് അതി പിന്നെ അനക്കമില്ല. ചത്തെന്നാ തോന്നുന്നേ. ഇപ്പോൾ ഇങ്ങനെ കിടക്കുമ്പോൾ അതിനൊന്നും വരുത്തല്ലേ എന്ന് പ്രാർത്ഥിക്കാൻ തോന്നുന്നു. മനുഷ്യനോടുള്ള വെറുപ്പ് അത്ര മേലാരുന്നു, നിനക്ക് അത് പറഞ്ഞാ മനസിലാവത്തില്ല, പോരാത്തേന് അങ്ങേരുടെ രണ്ടാമത്തെ ചെറുക്കൻ എന്നോട് പറയുവാ ഇങ്ങനെ പട്ടി പെറുന്ന പോലെ  പെറ്റോണ്ടിരുന്നാൽ ആര് നോക്കും ഇതിനെയൊക്കെ എന്ന് .  അതും കൂടി കേട്ടപ്പോളാ ഇതും കൂടെ വേണ്ടാന്ന് തോന്നിയത്”. സാവിത്രിയമ്മ പറഞ്ഞു നിർത്തി.

    “മതി നിങ്ങൾ മിണ്ടാതെ കിടക്ക് ഇച്ചേയി, കൊച്ചിന് ഒന്നും പറ്റൂല്ല. നമുക്ക് ദൈവത്തോട് പറയാം തെറ്റ് പറ്റിയതാന്ന് , അതിനെ ഇങ്ങു തന്നേക്കാൻ. നിങ്ങൾ എങ്ങനേലും അങ്ങ് വളർ ത്ത്  . അതും പറഞ്ഞും കൊണ്ട് നാണി തന്റെ പണി തുടർന്നു.

   ഒടുവിൽ സാവിത്രിക്കു മുമ്പത്തേക്കാൾ കലശലായ വേദന തുടങ്ങി, പുറത്താകാശത്തു വെട്ടുന്ന വെള്ളിടി സാവിത്രിയുടെ അലർച്ചക്കു മുൻപിൽ നാണിച്ചു കുറെ നേരം മിണ്ടാണ്ടിരുന്നു, അവർ തമ്മിലെ മത്സരം നാണിയെ വല്ലാണ്ട് അലോസരപ്പെടുത്തി, മൂന്ന് പെറ്റ നിങ്ങളെന്നാ കിടന്നു കാറുന്നേ , ഒന്നടങ്ങി കിടക്ക്” . അപ്പോളേക്കും ഭൂമി പെറ്റ ഒരു ചെടിനാമ്പ് കണക്ക് ഒരു കുഞ്ഞു തല വെളിയിലേക്കു വന്നു. സാവിത്രിയമ്മക്ക്  തന്നിൽ ഉറഞ്ഞുകൂടി കിടന്ന വേദനയുടെയും തിരസ്കാരത്തിന്റെയും ഉറവ തന്റെ രണ്ടു കാൽ തുടകളിലൂടെ പൊട്ടി ഒലിച്ചിറങ്ങുന്ന പോലെ  തോന്നി. പെട്ടെന്ന് എന്തെന്നില്ലാത്ത ശക്തിയിൽ, പാലാഴി തന്നിൽ ഒളിഞ്ഞു കിടന്ന ദ്രവ്യങ്ങളെ എന്ന കണക്ക് അവർ കുഞ്ഞു ശരീരത്തെ പുറത്തെത്തിക്കാൻ ശ്രമിച്ചു.  ഇത്ര പേറെടുത്തിട്ടും ആർത്തിയോടെ കുഞ്ഞിനെ തന്റെ കൈയിലേക്ക് കിട്ടാൻ നാണിയും  പണിപ്പെട്ടുകൊണ്ടിരുന്നു. ഒടുവിൽ കുഞ്ഞിനെ അവർ തന്റെ കൈയിൽ എടുത്തു. അതിന്റെ നീലിച്ച മുഖത്തേക്ക് തന്നെ നോക്കികൊണ്ട് കുറെ നേരം നാണി അങ്ങനെ നിന്നു . തളർന്നു വാടിയ സ്വരത്തിൽ സാവിത്രി നാണിയോടു എന്തൊക്കെയോ ചോദിച്ചിരുന്നത് അവർ കേട്ടതേ ഇല്ല. “എന്റെ കൊച്ചിന് ജീവനൊണ്ടോടി നാണീ , കരച്ചിലൊന്നും കേൾക്കുന്നില്ലല്ലോ , എന്ത് കോച്ചാ ഒന്ന് പറഞ്ഞു തൊലക്ക്. എന്തുവാ ഇന്ന് നാളെന്ന് നോക്കാനും പറ്റിയില്ല ”. അവരുടെ അങ്കലാപ്പ് തളർച്ചയിലും കൂടുതൽ മുഴച്ചു നിന്നു.

   “ചാപിള്ളക്കെന്ത് നാൾ ഇച്ചേയി , നിങ്ങളുടെ ആഗ്രഹം സാധിച്ചു. ഇതിനു ജീവനില്ല നിങ്ങളാ വയറ്റിലിട്ടു തന്നെ അതിനെ കൊന്നു. ഇനി നാളല്ല എവിടാ കുഴിക്കണ്ടേ എന്നാ നോക്കണ്ടേ. എന്നിട്ട് അതിലിട്ടു മൂടണം”. കണ്ണിൽ നിന്ന് ഊറി ഇറങ്ങുന്ന കണ്ണുനീരാൽ അവരുടെ മുഖത്തെ  നിരാശ കൂടുതൽ പ്രകടമായി കാണാമായിരുന്നു. അതിനെ  ജീവനോടെ കിട്ടിയാൽ തനിക്ക് തന്നേക്കുമെന്ന് അവർ ശരിക്കും വിശ്വസിച്ചിരുന്നു. ഭാഗ്യം തന്നോടൊരിക്കലും കൂട്ടുകൂടാൻ ഇഷ്ടപ്പെടാതെ എവിടെയോ പോയി ഒളിച്ചിരിക്കുവാണെന്നു അവർക്കു തോന്നി. പുളിച്ചു തികട്ടിയ വെറുപ്പിനെ അതെ ആവേഗത്തിൽ തന്നെ തന്റെ മുഖത്തു പ്രതിഫലിപ്പിച്ചു കൊണ്ട് അവർ മുറിക്കു വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങി. 

   “എടീ എന്റെ കൊച്ചിനെ എന്നെ ഒന്ന് കാണിക്കടീ  നിന്റേതല്ലല്ലോ നീ പോര് കാണിക്കാൻ. എനിക്കതിനെ കാണണം”. സാവിത്രി തൊണ്ട പൊട്ടുന്ന ഒച്ചയിൽ ആഞ്ഞലച്ചിട്ടും നാണി ഒരു ദാക്ഷിണ്യവും കാട്ടാതെ കുഞ്ഞിനേം കൊണ്ട് പുറത്തേക്കിറങ്ങി. അകത്തെ വർത്തമാനങ്ങളിൽ പലതും ഉണ്ണിമോൾക്കു പിടികിട്ടിയില്ല നാണ്യമ്മ പറഞ്ഞ ചാപിള്ള എന്നവാക്ക്  അവൾക്കു മനസിലായില്ലെങ്കിലും അതിനു വേദനിപ്പിക്കുന്ന അർത്ഥമാണെന്നു നാണ്യമ്മ യുടെ സംസാരത്തിലെ വേവിൽ നിന്ന് അവൾക്ക് മനസിലായി.  കണ്ഠമിടറി കരയുന്ന, പാഴാരം പാടുന്ന പെണ്ണുങ്ങളും,  കാല്  നിലത്തുറക്കാത്ത പള്ളു പരത്തി  പറയുന്ന ആണുങ്ങളും ആണ് ഉണ്ണിമോക്ക് ചുറ്റും ഉണ്ടാരുന്നത് , അവടെ മൂത്ത കൊച്ചാട്ടൻ   മാധവനെ മാത്രമേ അവൾ സന്ധ്യ കഴിഞ്ഞു സ്വബോധത്തിൽ കണ്ടിട്ടുള്ളു. കൊച്ചമ്മയോടുള്ള വെറുപ്പ് അവരുടെ കുട്ടികളോടും കാട്ടണമല്ലോ, പരിഷ്കരിക്കപ്പെടാത്ത ഒരു നാട്ടുനിയമം ആണത് . അയാൾ കുട്ടികളോടൊന്നിനോടും സംസാരിച്ചിട്ടില്ല ഇതേ വരേ. അടുത്ത് ചെന്നാൽ തന്നെ ആട്ടി ഓടിക്കും. പെൺവർത്തമാനത്തിലെ വ്യതിയാനങ്ങൾ വെച്ച് ദുഖവും സന്തോഷവും ഒക്കെ തിരിച്ചറിയാൻ അവൾ പഠിച്ചിട്ടുണ്ട്.
തിണ്ണയിലേക്കു പൊതികെട്ടുമായി വന്ന നാണി പണിക്കത്തി ഉണ്ണിമോളേ നോക്കി പറഞ്ഞു. “കുഞ്ഞേ മണ്ണെണ്ണ വിളക്കിങ്ങെടുത്തോ”.  ജീവനറ്റ കുഞ്ഞു ശരീരം അവരുടെ കയ്യിലിരുന്നു വിറയ്ക്കുന്ന പോലെ ഉണ്ണിമോൾക്ക്  തോന്നി, അതോ അവരുടെ ശരീരം വിറക്കുന്നതാണോ! . “തൂമ്പ എവിടാ ഇരിക്കുന്നേന്ന് കുഞ്ഞിനറിയാമോ, ഇച്ചേയിക്കതൊന്നുഎടുത്തു തന്നേ”. അവർ അവളോടായി പറഞ്ഞു. തിണ്ണ പടിയിൽ നിന്ന് വെളിയിലേക്കു ഇറങ്ങുമ്പോൾ അമ്മ അകത്തു ഇടയ്ക്കു കരയുന്നതും അതേ കണക്കു പൊട്ടിച്ചിരിക്കുന്നതും ഒക്കെ ഉണ്ണിക്കു കേൾക്കാമായിരുന്നു. എരുത്തിലിന്റെ മൂലയ്ക്ക് നിന്ന് തൂമ്പ എടുക്കാൻ നേരം നാണിയമ്മ അവളുടെ ഇളയതിനെ ഒരു ഭാണ്ഡം കൊടുക്കുന്ന പോലെ അവളുടെ കയ്യിലേക്ക് ഏൽപ്പിച്ചു. “അത്ചത്തതാ മോളെ അതിനെ കുഴിച്ചിടാൻ നമുക്കാ ഭാഗ്യം കിട്ടിയേ”. നാണിയമ്മ അത് പറഞ്ഞതും വല്ലാത്ത ഒരു ഭാരം പൊതിക്കെട്ടിനു അനുഭവപ്പെട്ടതും ഒരുമിച്ചാരുന്നു. രണ്ടുപേരും എരുത്തിലിന് പടിഞ്ഞാറേപ്പറത്തോട്ട് നടന്നു. അപ്പോളും ചെറു ചാപിള്ളപ്പൊതിക്ക്വല്ലാത്ത ഭാരമുള്ള പോലെ ഉണ്ണിക്കു  അനുഭവപ്പെട്ടു . വെള്ളിടി ആകാശത്തൂന്ന് ഇടക്കിടെ അവളോട് എന്തോ പറയുവാൻ ശ്രമിക്കുന്ന കണക്കെ.

  നാണിയമ്മ കുഴി വെട്ടാൻ ഉള്ള ഇടം കണ്ടെത്തി. തിരിച്ചു പോവുമ്പോൾ തന്റെ കയ്യിൽ ഇന്ന് കുഞ്ഞുണ്ടാവും എന്ന് ഇത്തിരി മുന്നേ കൊതിച്ചവൾ, ചാപിള്ളക്ക് ഒടുവിൽ ഒരു ഇടം കണ്ടെത്തി.


No comments:

Post a Comment