Wednesday, September 21, 2016

നാം ആദ്യം കണ്ടുമുട്ടിയപ്പോൾ ,

നാം ആദ്യം കണ്ടുമുട്ടിയപ്പോൾ ,
അകത്തിരുന്നു ചിരിച്ചവർ
പുറത്തിരുന്നു കൊറിച്ച വർ
എന്റെ കണ്ണുകൾ എവിടേക്കെന്നു  ഇറു കണ്ണിട്ടു നോക്കിയ നിൻറെ  'അമ്മ '
എന്റെ മുടി ഇല്ലാത്ത വലത്തേ നെറ്റിയിൽ സസൂക്ഷ്മം നിരീക്ഷണം നടത്തിയ നിന്റെ ചേട്ടത്തി
വാക്കുകൾ കിട്ടാതെ അലഞ്ഞ നാവുമായി നിന്റെ അച്ഛൻ
മടുപ്പിക്കുന്ന വംശ പുരാണവുമായി നിന്റെ വലിയച്ഛൻ
ഇപ്പോളും ഇങ്ങനൊക്കെയോ എന്ന എന്റെ ചോദ്യത്തിന് കണ്ണുരുട്ടിയ എന്റെ അമ്മാവൻ.

ഇതിനിടയിൽ എപ്പോളോ ട്രേയിൽ നിറഞ്ഞ  ചായക്കപ്പുകളുമായി നീയും,
നോക്കണോ വേണ്ടയോ എന്ന് മനസ്സിനോട് ചോദിച്ചു തീരും മുൻപേ....
എന്നെ കണ്ടിരുന്നോ നീനിന്നെ ഞാൻ സത്യത്തിൽ കണ്ടിരുന്നില്ല.
എങ്ങനുണ്ട് എന്ന് ആകാംക്ഷയോടെ നോക്കിയ എല്ലാരേയും ഞാൻ കണ്ടിട്ടും
നിന്നെ കാണാൻ കഴിഞ്ഞില്ല.
നാം ആദ്യം കണ്ടുമുട്ടിയപ്പോൾനിന്നെ കാണാൻ കഴിഞ്ഞില്ല.

Thursday, September 24, 2015

---------------------------------------------------കവിത വിഷാദത്തിന്റെ കൂട്ടുകാരിയാണ്‌,
ഏകാകിയുടെ സംഗീതവും,
പ്രണയത്തിന്റെ മൂർദ്ധന്യത്തിൽ പൊട്ടി ഉടഞ്ഞു വീഴുന്ന
വാഗ്ദാനങ്ങളുടെ സന്തതി ആണ്

ചഷകങ്ങളിൽ നിറച്ച ദ്രവങ്ങളിൽ,
ഒരിറക്കാൽ  നാവിലേക്ക്  ഇഴഞ്ഞു അടുക്കുന്നു
അടുത്ത ഒന്നാൽ തെറ്റി തെറിച്ച്‌ ഉന്മത്ത നൃത്തം ചവിട്ടുന്നു

ചിലര് ആഘോഷിക്കുന്നു,ചിലര് അവഹേളിക്കുന്നു, ഇനി ചിലര് മാറി നിന്ന് ഊറി ചിരിക്കുന്നു

എങ്കിലും കവിത വിഷാദത്തിന്റെ കൂട്ടുകാരിയാണ്‌,
ഏകാകിയുടെ സംഗീതവും,
പ്രണയത്തിന്റെ മൂർദ്ധന്യത്തിൽ പൊട്ടി ഉടഞ്ഞു വീഴുന്ന
വാഗ്ദാനങ്ങളുടെ സന്തതി ആണ്

Saturday, February 21, 2015

കവിത

കവിത വിഷാദത്തിന്റെ കൂട്ടുകാരിയാണ്‌,
ഏകാകിയുടെ സംഗീതവും,
പ്രണയത്തിന്റെ മൂർദ്ധന്യത്തിൽ പൊട്ടി ഉടഞ്ഞു വീഴുന്ന
വാഗ്ദാനങ്ങളുടെ സന്തതി ആണ്

Wednesday, January 7, 2015

മഞ്ഞ ചിരിയോടെ കതിരവൻ  

ചുംബിച്ചു

പച്ച വിരിപ്പിട്ട പ്രകൃതിയെ ....

വെണ്‍ നിലാവിൻ കള്ളച്ചിരിയോടെ അമ്പിളി

ചുംബിച്ചു

ഇരുളിൻ പുതപ്പിൽ ഒളിച്ചൊരു ഭൂമിയെ


എവിടെ ആചാര കിങ്കരർ!!!!!

വരിക തടയാം

ഈ  പ്രണയ ചുംബനങ്ങളെയും....

Saturday, June 7, 2014

മാവിൻ കൊമ്പിൽ നിന്ന്

തൂങ്ങി ആടുന്ന ജഡങ്ങൾ ,
അതിന്റെ ലോല തീരത്ത് നിന്ന്  ഉറവ പൊട്ടും പോൽ രക്തം
ഇരുട്ടിനേക്കാൾ കറുപ്പ് ഭയമായി ആ കണ്ണുകളിൽ പടർന്നിരിക്കുന്നു
മാംസം കൊതിക്കും അധമ പക്ഷികൾ അകലങ്ങളിൽ കാത്തിരിക്കുന്നു

ഏതോ നിശാചരർ നിമിഷ സുഖത്തിനായി പങ്കു വച്ചതാണീ ദേഹങ്ങൾ

എവിടെയോ കണ്ണ് പൊട്ടൻ  ദൈവം ഇന്നും കറുത്ത മേനിക്കു അയിത്തം,
നല്കി  മാറി നില്ക്കുന്നു
ആ കഴുത്തിൽ  കുരുങ്ങിയ കയറിൽ എത്രയോ പൌരുഷ നാണം,
ഇഴയായി ചേർത്തിരിക്കുന്നു

ഇപ്പോഴും പൊന്തക്കാടുകൾ അനങ്ങുന്നു
ഇണ എന്നാൽ ഇര എന്ന തത്വ ശാസ്ത്രത്തിൽ ജനനേന്ദ്രിയം-
ആഴ്ന്നിറങ്ങുന്നു
ഇനിയും അക്ഷരങ്ങൾ തിരയുന്നു
ഈ നിയതിക്ക് ഉത്തരം തേടാൻ

എന്റെ ദുഃഖം നിനക്കുള്ള പ്രാർത്ഥന
എന്റെ ലജ്ജ  അത് എനിക്കുള്ള ശിക്ഷ

Saturday, November 2, 2013

അഹല്യ.....


അരചർ  വാഴും കുരുതി കളത്തിൻ,
 അരികിൽ നിൽക്കും  നെടുവീർപ്പ് ഞാൻ

അഗ്നി വേവിച്ച മാംസ പിണ്ഡത്തിൽ ,
ആഴ്ന്നിറങ്ങും നോവിൻ തുടിപ്പ് ഞാൻ

അകലെ ഇരുളിൽ നിന്നു കൂകുന്നു
മനുഷ്യ വാസന എനിക്കായി വീണ്ടും

ആയിരം ഭോഗ ജന്മങ്ങൾ കാംക്ഷിച്ച്
ആര്യ നിയതി ഇന്നെന്നെ പ്രാപിക്കുന്നു

വന്ധ്യത വൽകലം അണിഞ്ഞ്
എനിക്കായ് ശാപ വചനങ്ങൾ  ഒരുക്കുന്നു

പതിത ശില എന്നെ, തിരയുന്നു പാദങ്ങൾ
പരമ പാവന ദേവ പദമേകുവാൻ ..


Saturday, June 1, 2013

ഇരുൾ യാത്ര

ദൈവത്തിൻറെ  ചെരുപ്പടികൾ തേടി മുന്നോട്ട്
യാത്രക്കിടയിൽ   ഒരു തളർച്ച
ഇരുളിൻ വെളിപാട്‌   തറയിൽ ,
കിടന്നു  കുറേ നേരം.
വെറുപ്പിൻ  നിറം പുതച്ചോരു
ഇരുട്ടിനു എന്തോ പറയുവാനുള്ള പോലെ

ആദ്യം മൗനം, പിന്നെ ചെറു വിഷാദത്തിൻ  നിശ്വാസം
പെട്ടെന്ന് കേൾക്കാം കാമത്തിൻ ഇരകളെ  തിരയുന്ന
ചിലരുടെ ആഹ്ലാദം
ഇരയുടെ രോദനം,പതിയെ മരണത്തിലേക്ക് പ്രയാണം
അഴകളവുകൾ  ഒരാലയത്തിൻ ചുവരതിരിൽ അടയ്ക്കാൻ,
കഴിയാത്തവളുടെ പ്രാണൻ ഇരുളിൽ പൊതിഞ്ഞിട്ടു എന്തു   കാര്യം .

അശ്വത്ഥാമാക്കൾ ഏറെയുണ്ട്,ഇരുളിൻ മറ പിടിച്ചു
അവർ അരിഞ്ഞെടുത്ത ശിരസ്സുകൾ ഈ
രാവിൻ  കറുപ്പിൽ അലിഞ്ഞു  ചേർന്നു
നെറ്റിയിൽ  ചാർത്തിയ തിലക കുറിക്കു
ഒറ്റു  ചോരയുടെ ഗന്ധമാണ് ഏറെ നാളായി .

ദൈവമറിയാതെ  അവൻറെ സൈനികർ ഇവിടെ
ഈ  പടപാളയങ്ങൾ തീർത്തതും ഇരുട്ടിലത്രേ
വരണ്ട വിപ്ലവ  ചിന്തകൾ ഈ  മണ്ണിൽ
വധങ്ങൾ  മെനഞ്ഞതും ഇരുളിൽ തന്നെ.

എങ്കിലും  നല്ല നാളെയുടെ സുന്ദര സ്വപ്‌നങ്ങൾ
കണ്ണുകളിലേക്കു അരിച്ചിറങ്ങുന്നത് രാവിൽ ഇരുളിൽ
തകർന്ന ഇന്നലെകൾ അണഞ്ഞു
 ഇന്നിൻറെ പുതു വെളിച്ചം തെളിയുന്നതും നിന്നിൽ

പിന്നെയും നടക്കുന്നു ദൈവത്തിന്റെ ചെരുപ്പടികൾ തേടി മുന്നോട്ടു.. ....