Saturday, November 2, 2013

അഹല്യ.....


അരചർ  വാഴും കുരുതി കളത്തിൻ,
 അരികിൽ നിൽക്കും  നെടുവീർപ്പ് ഞാൻ

അഗ്നി വേവിച്ച മാംസ പിണ്ഡത്തിൽ ,
ആഴ്ന്നിറങ്ങും നോവിൻ തുടിപ്പ് ഞാൻ

അകലെ ഇരുളിൽ നിന്നു കൂകുന്നു
മനുഷ്യ വാസന എനിക്കായി വീണ്ടും

ആയിരം ഭോഗ ജന്മങ്ങൾ കാംക്ഷിച്ച്
ആര്യ നിയതി ഇന്നെന്നെ പ്രാപിക്കുന്നു

വന്ധ്യത വൽകലം അണിഞ്ഞ്
എനിക്കായ് ശാപ വചനങ്ങൾ  ഒരുക്കുന്നു

പതിത ശില എന്നെ, തിരയുന്നു പാദങ്ങൾ
പരമ പാവന ദേവ പദമേകുവാൻ ..


Saturday, June 1, 2013

ഇരുൾ യാത്ര

ദൈവത്തിൻറെ  ചെരുപ്പടികൾ തേടി മുന്നോട്ട്
യാത്രക്കിടയിൽ   ഒരു തളർച്ച
ഇരുളിൻ വെളിപാട്‌   തറയിൽ ,
കിടന്നു  കുറേ നേരം.
വെറുപ്പിൻ  നിറം പുതച്ചോരു
ഇരുട്ടിനു എന്തോ പറയുവാനുള്ള പോലെ

ആദ്യം മൗനം, പിന്നെ ചെറു വിഷാദത്തിൻ  നിശ്വാസം
പെട്ടെന്ന് കേൾക്കാം കാമത്തിൻ ഇരകളെ  തിരയുന്ന
ചിലരുടെ ആഹ്ലാദം
ഇരയുടെ രോദനം,പതിയെ മരണത്തിലേക്ക് പ്രയാണം
അഴകളവുകൾ  ഒരാലയത്തിൻ ചുവരതിരിൽ അടയ്ക്കാൻ,
കഴിയാത്തവളുടെ പ്രാണൻ ഇരുളിൽ പൊതിഞ്ഞിട്ടു എന്തു   കാര്യം .

അശ്വത്ഥാമാക്കൾ ഏറെയുണ്ട്,ഇരുളിൻ മറ പിടിച്ചു
അവർ അരിഞ്ഞെടുത്ത ശിരസ്സുകൾ ഈ
രാവിൻ  കറുപ്പിൽ അലിഞ്ഞു  ചേർന്നു
നെറ്റിയിൽ  ചാർത്തിയ തിലക കുറിക്കു
ഒറ്റു  ചോരയുടെ ഗന്ധമാണ് ഏറെ നാളായി .

ദൈവമറിയാതെ  അവൻറെ സൈനികർ ഇവിടെ
ഈ  പടപാളയങ്ങൾ തീർത്തതും ഇരുട്ടിലത്രേ
വരണ്ട വിപ്ലവ  ചിന്തകൾ ഈ  മണ്ണിൽ
വധങ്ങൾ  മെനഞ്ഞതും ഇരുളിൽ തന്നെ.

എങ്കിലും  നല്ല നാളെയുടെ സുന്ദര സ്വപ്‌നങ്ങൾ
കണ്ണുകളിലേക്കു അരിച്ചിറങ്ങുന്നത് രാവിൽ ഇരുളിൽ
തകർന്ന ഇന്നലെകൾ അണഞ്ഞു
 ഇന്നിൻറെ പുതു വെളിച്ചം തെളിയുന്നതും നിന്നിൽ

പിന്നെയും നടക്കുന്നു ദൈവത്തിന്റെ ചെരുപ്പടികൾ തേടി മുന്നോട്ടു.. ....