Sunday, June 20, 2021

പ്രേമോടമ്പടി

നിനക്കും എനിക്കും ഇടയിൽ,

പ്രേമം തടങ്കൽ പാളയം പണിഞ്ഞു തുടങ്ങുമ്പോൾ 

നമുക്കൊരുടമ്പടിയിലെത്താം.


നിന്നുടൽ എൻ്റെത് മാത്രം-

എന്ന വാശി  കാട്ടില്ല ഞാൻ 

എനിക്കായി തപം ചെയ്തീടേണം 

എന്ന ആശ വെക്കില്ല ഞാൻ 

ഒടുക്കം വരേക്കും ഒരുമിച്ചെന്ന,

പ്രതിജ്ഞ ചൊല്ലിക്കില്ല ഞാൻ

ലാളനങ്ങൾ കുറവെങ്കിലും 

താഡനങ്ങൾ അശേഷം ഉണ്ടാവില്ല

ചുംബനങ്ങൾക്ക് ക്ഷാമമുണ്ടാകിലും 

ചന്തമറ്റ വാക്ക് ചൊല്ലില്ല


മടുപ്പിന്റെ മാരി പെയ്യുമ്പോൾ 

രസമറ്റു രതി ഇറങ്ങിപ്പോവുമ്പോൾ

യുദ്ധമേതുമില്ലാതെ വേർപെടാം 


കരുതി വെക്കില്ല കത്തിമുന എങ്ങും 

കുരുതിയേകില്ല നിൻ്റെ നിരാസത്തെ 

എന്നെയല്ലെങ്കിൽ മൃത്യുവിനെ പ്രേമിക്ക, 

എന്ന ഭ്രാന്തൻ നീതി വാക്യം ഉച്ചരിക്കില്ല ഞാൻ 


പിന്നീട്  കണ്ടുമുട്ടുമ്പോൾ 

ചെറുചിരിയോടെ,നിരാശ ഏതുമില്ലാത്ത  മുഖം പേറി 

പരസ്പരം പുണരാം,

ഇരുമനുഷ്യരായി തുടരാം.  

   


No comments:

Post a Comment