Tuesday, October 30, 2012

എന്‍റെ താരം .......


അകലെ വാനത്തു എന്നെ നോക്കി തേങ്ങുന്ന ഒരു  താരത്തെ കാണാം 
എന്നെ നുകരാന്‍ കഴിയാതെ വിതുമ്പുന്ന അമ്മയാം താരം 
നിറ നിലാവിന്‍ മച്ചകത്തു നിലവിളക്കായി തെളിഞ്ഞു നില്‍ക്കുമ്പോഴും 
ഇടക്കെപ്പോഴോ കരിന്തിരി മണം എന്നെ മൂടുന്നു .

വരം വാങ്ങി വരും ഞാന്‍ എന്നോമനക്ക് ഒരായിരം  കഥകള്‍ പറഞ്ഞു തന്നീടുവാന്‍ ,
എന്ന് കൊഞ്ചുന്നത് കേള്‍ക്കുവാന്‍ ഇവിടെ ഞാന്‍ ഉറങ്ങാതെ കാത്തു കിടക്കാറുണ്ട് എന്നും
ഉണരാന്‍ കൊതിക്കാതെ ,സ്വപ്നത്തില്‍ ഉരിയാടിയിരുന്നതോ എത്ര നേരം.
തെക്കേ തൊടിയില്‍ പട്ടട മീതെ വളര്‍ന്നു നില്പോരാ കല്പ വൃക്ഷം നീളുന്നതും വാനിലേക്ക് 

 ഗദ്ഗദം തിങ്ങി നിറഞ്ഞപ്പോള്‍ എന്നിലെ  അക്ഷരം പിന്‍ തിരിഞ്ഞു നടന്നു നീങ്ങി,,
 Sunday, October 28, 2012

താടി


താടികള്‍ പലവിധം 
തടവി മിനുക്കി താലോലിക്കുന്ന താടികള്‍

ബുദ്ധി കൊണ്ട് ജീവിക്കുന്നവരില്‍ താടി കാണാം (ഉദാ: പദ്മരാജന്‍ , ഭരതന്‍ ,ജോണ്‍ എബ്രഹാം,അരവിന്ദന്‍ നിര നീളുന്നു )
ബുദ്ധി കേട്ടോര്‍ മത ത്തിന്‍റെ മയക്കു മരുന്നു സേവിച്ചു നീണ്ട താടി തടവുന്നു 
നന്മയുള്ള മനസുകള്‍ ഈശ്വര സത്യം തേടി അലയുമ്പോള്‍ അവരും താടി നീട്ടുന്നു,
ആള്‍ ദൈവങ്ങള്‍ കോമരം തുള്ളി താടി തടവുന്നത് കണ്ടതല്ലേ (തോക്ക് സാമി,സന്തോഷ്‌ മാധവന്‍ തിരുവടികള്‍,,,,,)
വിപ്ലവത്തിന്‍റെ വിശുദ്ധിയില്‍ അശുദ്ധിയില്‍ താടി തടവുവോര്‍ എത്ര (ഉദാ: ഊഹിച്ചോ അത് മതി)
പിന്നെ നഷ്ട പ്രണയവും താടി യായി രൂപാന്തരപ്പെടുന്നു,,,

ഞാനും താടി തടവുന്നു അത് ഈ വലതു കവിളിലെ മറുക് മറക്കാന്‍ മാത്രമുള്ളത് ..

Saturday, October 27, 2012

നിങ്ങള്‍ക്ക് എനിക്കും

മണല്‍ പിരിച്ചു കയറുണ്ടാക്കി അതില്‍ 
തൂങ്ങി ആടുന്ന മനുഷ്യര്‍ക്ക്‌ .......

ഇരവില്‍ ഇരുട്ടില്‍ ഒളിച്ചു  നടത്തിയ വേഴ്ചകള്‍ 
പകലുകള്‍ മറന്നെന്നു കരുതി  വിശുദ്ധന്റെ 
അംഗ വസ്ത്രം  അണിയുന്നോര്‍ക്ക് ......

പ്രണയം നടിച്ച് എന്‍റെ ഹൃദയത്തില്‍ 
ഒരായിരം കവിതകള്‍ കൊളുത്തി
ഒടുവില്‍ ഏതോ കൃശഗാത്രന്റെ കൈകള്‍ പുണര്‍ന്ന വള്‍ക്ക് .....

ബന്ധമില്ലാത്ത വരികള്‍ ബന്ധിപ്പിച്ച് 
അഹന്ത തന്‍ കവിത്വം (ഈ എനിക്കും) ചമയുന്നവര്‍ക്ക് .....
ഏല്ലാവര്‍ക്കും വേണ്ടി ഇന്ന് ഞാന്‍ എഴുതി
എന്നിട്ടും അക്ഷര തെറ്റുകള്‍ ബാക്കിയാവുന്നു

Sunday, October 21, 2012

ബലി


എനിക്കായി ബലി പീഠം  ഒരുക്കി നിങ്ങള്‍ കാത്തിരിക്കുമ്പോള്‍ 
 എന്‍റെ തിരുനെറ്റിയില്‍ നിങ്ങള്‍ തൊടുവിച്ച വരക്കുറി
എന്നോട് പറയുന്നു " ഇതാ നിന്‍റെ അന്ത്യ വിധി "
 അവളുടെ ചുടു കണ്ണുനീര്‍ കുടിനീരായി നിങ്ങള്‍ തന്നപ്പോള്‍ 
ഞാന്‍ പരിഭ്രമിച്ചോ .
ഇല്ല എങ്കില്‍ എപ്പോഴേ ഞാന്‍ നിങ്ങളുടെ ആ  കരുണയറ്റ പാദങ്ങളില്‍ പതിച്ചേനെ,
 
ഹേ വെറുപ്പിന്‍ മിശിഖാക്കളെ നിങ്ങള്‍ അറുത്തെടുത്ത ഈ ശിരസ്സ്‌ 
അത് തിരിച്ചറിയുന്നു, ഇരുളിന്‍ ദൈവം വരുന്നതും, അവന്‍ എന്നെ തലോടുന്നതും .
അവന്‍ എന്നോട് പറയുന്നു "ഹേ സ്നേഹ പ്രവാചക ഞാന്‍ ഇതാ വീണ്ടും ശക്തനായി നിന്‍റെ ഈ ചുടു ചോര കൊണ്ട്"...
 

Sunday, October 14, 2012

ഒറ്റുകാരുടെ സമ്മേളന ഹാളില്‍ നിന്ന് ,

ഒറ്റുകാരുടെ സമ്മേളന ഹാളില്‍  നിന്ന് ,
ഇനിയും ആളുകള്‍ എത്തുമെങ്കിലും അവരെ കൊള്ളാനുള്ള സ്ഥലം  ആ ഹാളിനില്ല  . അവിടെ ചര്‍ച്ചകള്‍  കൊണ്ട് പിടിച്ചു നടക്കുന്നു. 
പെട്ടെന്ന് ഒരാള്‍ എഴുന്നേറ്റു , സുഹൃത്തുക്കളെ നാം ആലോചിക്കേണ്ടിയിരിക്കുന്നു  ഇനിയും യുദാസിനെ നമ്മുടെ  ആചാര്യനായി   കരുതുന്നതില്‍ അര്‍ത്ഥമുണ്ടോ?
അയാള്‍ സത്യത്തില്‍ നമ്മെ അപമാനിക്കുകയാണ് ചെയ്തിട്ടുള്ളത് അല്ലെ  വെറും മുപ്പതു വെള്ളി കാശിനാണ്  അയാള്‍ അന്ന് ആ ഒറ്റു നടത്തിയത് അത് നമ്മെ ലജ്ജിപ്പിക്കുകയല്ലേ ചെയ്തിട്ടുള്ളത് . ഈ സമ്മേളനം അയാളെ ആചാര്യ സ്ഥാനത്ത് നീക്കാന്‍ പ്രമേയം പാസ്സാക്കണം. അപ്പോള്‍ സദസ്സില്‍ നിന്ന് കുറെ പേര്‍ "അതെ ആ മനുഷ്യന്‍ പറയുന്നത് ശരിയാണ് നമ്മുക്ക് യുദാസ് വേണ്ട നമ്മെക്കാള്‍ എന്ത് മഹത്വം ആണ് അയാള്‍ക്കുള്ളതു ". 

ആദ്യം പ്രസംഗിച്ച  മനുഷ്യന്‍ അപ്പോള്‍ ,അതെ ഞാന്‍ എന്‍റെ ഒറ്റിന്റെ  കഥ  പറയാം . ഞാന്‍ മുപ്പതിനായിരം ലയ്ക്കുകള്‍ക്കു  വേണ്ടി എന്‍റെ പ്രിയതമയുടെ നഗ്ന ചിത്രങ്ങള്‍ യുടുബില്‍ അപ്‌ലോഡ്‌ ചെയ്തു. അപ്പോള്‍ ഈ എന്‍റെ മുന്നില്‍ യുദാസ് തുലോം തുച്ചനല്ലേ.

അപ്പോള്‍ മറൊരാള്‍ ഞാനോ മുപ്പത് ഏക്കര്‍ വസ്തുവിന് വേണ്ടി എന്‍റെ   അമ്മയെ വഞ്ചിച്ചു അവരെ ഞാന്‍  ഭ്രാന്തിയായി മുദ്ര കുത്തി . മുലപ്പാലിനെ വഞ്ചിച്ച ഞാനെത്രയോ യോഗ്യന്‍ ഈ സ്ഥാനത്തിനു.
വേറൊരാള്‍ പെട്ടെന്ന് ഞാന്‍ ചെയ്തതെന്തെന്നോ മുപ്പതു കോടി രൂപക്ക് വേണ്ടി ഞാന്‍ ആ കാണുന്ന കുന്നു ഞാന്‍ വിറ്റു പുഴ കൊടുക്കാന്‍ ആളെ ക്ഷണിച്ചും കഴിഞ്ഞു.  ജനിച്ചു കൂടിയിട്ടില്ലാത്ത   ഒരു തലമുറയെ മുഴുവന്‍ വഞ്ചിച്ച എനിക്കാകണം ആ സ്ഥാനം .

മുപ്പതിനായിരം കോടിക്ക് ഞാന്‍ ഒരു രാജ്യം വിറ്റത് നിങ്ങളാരും അറിഞ്ഞില്ലേ കണ്ടു പരിചയിച്ച മുഖ ഭാവമുള്ള ഒരാള്‍ അപ്പോള്‍ എഴുന്നേറ്റു ചോദിച്ചു. അയാള്‍ ഈ രാജ്യത്തിന്‍റെ ഭരണ സാരഥി കളില്‍ ഒരാളാണ്. അയാള്‍ രക്ഷ്ട്രീയ മുതലാളിയാണ് . മനസ്സുകള്‍,പ്രത്യയശാസ്ത്രം ,മതം അയാള്‍ വിറ്റും ഒറ്റിയും തന്നെ യാണ് ഇവിടെ വരെ എത്തിയത് എന്നത് ഏല്ലാവര്‍ക്കും ഉറപ്പായിരുന്നു. അയാള്‍ തന്നെ ഇതിനു യോഗ്യന്‍ സദസ്സ് ഒന്നടങ്കം സമ്മതിച്ചു. അവര്‍ക്ക് ഒറ്റുകാര്‍ ക്ക് പുതിയ ആചാര്യനായി .Friday, October 12, 2012

ലജ്ജയില്ലേ

എനിക്ക് സ്തുതി പാടുവാന്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ 
മരണമാം മഹാമൌനി തണലേകി കൂടെ കൂട്ടിയപ്പോള്‍ 
നിങ്ങള്‍ കരയുന്നല്ലോ.
അറിഞ്ഞിടാത്ത ലോകത്തിലേക്കുള്ള പ്രയാണ വേളയില്‍ ഞാന്‍ കേള്‍ക്കുന്നു, 
നിങ്ങളുടെ പൊള്ള വചനങ്ങള്‍ .

ഇരവില്‍ ഇണകളെ തേടി നിങ്ങള്‍ ഇറങ്ങിയപ്പോള്‍ 
ഞാന്‍ ഉറങ്ങുകയായിരുന്നു.
പകലില്‍ ഒരു വേള ഒരു തെരുവ് വേശ്യക്ക് ഞാന്‍  ചുംബനം  നല്‍കിയപ്പോള്‍ 
നിങ്ങള്‍ എന്നെ ആട്ടി അകറ്റിയില്ലേ .

വെളിവ് കെട്ട ശിരസ്സും പേറി വെയില്‍ തേടി ഞാന്‍ 
അലഞ്ഞപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു.
കുടിച്ച മദ്യം തികട്ടി വന്നപ്പോള്‍ അതില്‍   കിടന്നുറങ്ങി ഉണര്‍ന്നപ്പോള്‍ 
നിങ്ങള്‍ എന്നെ പുലഭ്യം പറഞ്ഞതും ഞാന്‍   ഓര്‍ക്കുന്നു
എന്‍റെ ബീജത്തിന്‍റെ വിളനിലങ്ങള്‍ക്ക് നിങ്ങള്‍ 
അഭിസാരിക എന്ന് പെരിട്ടില്ലേ .

ശിവം നിറച്ച ശിരസ്സുമായി വിഷം നിറഞ്ഞ മനസ്സുകളോട് 
ഞാന്‍ പൊരുതിയപ്പോള്‍ നിങ്ങള്‍ ചേരി മാറി കൂറ് കാട്ടി 
എന്‍റെ പച്ച മാംസത്തില്‍ പച്ചിരുമ്പ് കുത്തി ഇറക്കിയോരെങ്കിലും 
അത് നടത്തരുതായിരുന്നു, എന്നെ വാഴ്തരുതായിരുന്നു       

ഒടുവില്‍ ഇന്ന് ഞാന്‍ കേള്‍ക്കുന്നു,
പിന്‍വിളികള്‍,മുതല കണ്ണീര്‍,മഹത്വ പ്രസംഗം,ആചാരവെടികള്‍ 
ഹാ! കഷ്ടം സ്വര്‍ഗം കൊതിക്കാത്ത എനിക്ക് നിങ്ങള്‍ സ്വര്‍ഗ്ഗവും nerannallo 

സത്യത്തില്‍  ഇന്നലകലെക്കാള്‍   ക്രൂരത നിങ്ങള്‍ ഇന്നെന്നോടു കാട്ടുന്നു 
എനിക്ക് സ്തുതി പാടി.
തോഴരെ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ ഇനിയും എനിക്ക് 
സ്തുതി പാടുവാന്‍...................

**ശിവം എന്ന് ഉപയോഗിച്ചത്  കറുപ്പ് എന്ന അര്‍ത്ഥത്തില്‍ 
-----------------ശരത് രവി കാരക്കാടന്‍ --------------

Sunday, October 7, 2012

പേരെഴുതാന്‍ അവാര്‍ഡിന് പോവുന്നില്ലല്ലോ

ഒരു പേനേം പേപ്പറും കിട്ടിയാല്‍ എന്ത് തോന്നുവാസോം എഴുതുമോട  . എന്‍റെ നേരെ ഗര്‍ജിച്ചു കൊണ്ട് നില്‍ക്കുകയാണ്  കെമിസ്ട്രി സര്‍ . ഞാനെഴുതിയ  എന്‍റെ ആദ്യ പ്രേമലേഖനത്തെ ദ്രൌപദിയെ കടന്നു പിടിച്ച ദുശാസണനെ പോലെ  അദ്ദേഹം പിടിച്ചിരിക്കുന്നത് . നിന്‍റെ ഒരു പ്രേമം എന്തുവാടാ അവള് ബോടാനിക്കള്‍  ഗാര്‍ഡന്‍ ആണോ . ഇത്ര  മാത്രം പൂവും കായും അവള്‍ടെ  ശരീരതീന്നു കണ്ടെടുക്കാന്‍. ., ഹോ നീ കവിയാകാന്‍ നടക്കുവാണല്ലോ . മര്യാദക്ക് വീട്ടില്‍ നിന്ന് വരുന്ന പെണ്‍ പിള്ളാര്‍ക്ക് പ്രേമ ലേഖനം എഴുതിയല്ല നീ കവിത ഒണ്ടാ ക്കണ്ടേ  കേട്ടോട.

സദസ്സില്‍ കാര്യമാരിയതിരിക്കുന്ന  സഹപാഠികള്‍ എന്തെന്നറിയാന്‍ വ്യഗ്രതെയോടെ ഇരിക്കുന്നു . ഇവനത്ര കുഴപ്പക്കരനല്ലല്ലോ എന്നാ അമ്പരപ്പ് പലര്‍ക്കും. 
ഒന്നുമില്ല ചുമ്മാ ലാലേട്ടന്‍ സ്റ്റൈലില്‍ പറയാനാ തോന്നിയത് . അല്ലെങ്കിലും ഒന്നുമില്ല ഇതെന്താ ഇത്ര വലിയ തെറ്റാ. ഞാന്‍ അവള്‍ക്കെഴുതിയതില്‍ഇങ്ങനെ എഴുതിയിരുന്നു അത്രേ ഉള്ളൂ സത്യം .

ഈ കടുവ കണ്ണന്‍റെ അഴ കൊഴന്ജന്‍ ക്ലാസ്സില്‍ ഇരിക്കുന്നത് തന്നെ നീ ഇവിടെ ഉള്ളത് കൊണ്ട. ഇപ്പോള്‍ നിനക്ക് മനസ്സിലായി കാണില്ലേ   ഞാന്‍ എത്രത്തോളം ത്യാഗം നിനക്ക് വേണ്ടി സഹിക്കുന്നു എന്ന് . 

ഇതിനാ ഈ കിടന്നു കാറുന്നെ.ഞാന്‍ പറഞ്ഞതില്‍ എന്തേലും തെറ്റുണ്ടോ.
...............................................................................................................................................................
പ്ലസ്‌ ടു  കാലത്ത് എഴുതിയ ഒന്നാണിത് ഭയംകര സംഭവമാണെന്ന് വിചാരിച്ചു എഴുതിയ ഒന്ന് . ഇത് ബ്ലോഗിയത്തില്‍ തെറ്റുണ്ടെങ്കില്‍ കൊണ്ട് കേസ് കൊട് അല്ല പിന്നെ,,,,,

.