ദൈവത്തിൻറെ  ചെരുപ്പടികൾ തേടി മുന്നോട്ട്
യാത്രക്കിടയിൽ   ഒരു തളർച്ച
ഇരുളിൻ വെളിപാട്   തറയിൽ ,
കിടന്നു  കുറേ നേരം.
വെറുപ്പിൻ  നിറം പുതച്ചോരു
ഇരുട്ടിനു എന്തോ പറയുവാനുള്ള പോലെ
ആദ്യം മൗനം, പിന്നെ ചെറു വിഷാദത്തിൻ  നിശ്വാസം
പെട്ടെന്ന് കേൾക്കാം കാമത്തിൻ ഇരകളെ  തിരയുന്ന
ചിലരുടെ ആഹ്ലാദം 
ഇരയുടെ രോദനം,പതിയെ മരണത്തിലേക്ക് പ്രയാണം
അഴകളവുകൾ  ഒരാലയത്തിൻ ചുവരതിരിൽ അടയ്ക്കാൻ,
കഴിയാത്തവളുടെ പ്രാണൻ ഇരുളിൽ പൊതിഞ്ഞിട്ടു എന്തു   കാര്യം .
അശ്വത്ഥാമാക്കൾ ഏറെയുണ്ട്,ഇരുളിൻ മറ പിടിച്ചു 
അവർ അരിഞ്ഞെടുത്ത ശിരസ്സുകൾ ഈ 
രാവിൻ  കറുപ്പിൽ അലിഞ്ഞു  ചേർന്നു
നെറ്റിയിൽ  ചാർത്തിയ തിലക കുറിക്കു
ഒറ്റു  ചോരയുടെ ഗന്ധമാണ് ഏറെ നാളായി .
ദൈവമറിയാതെ  അവൻറെ സൈനികർ ഇവിടെ
ഈ  പടപാളയങ്ങൾ തീർത്തതും ഇരുട്ടിലത്രേ
വരണ്ട വിപ്ലവ  ചിന്തകൾ ഈ  മണ്ണിൽ
വധങ്ങൾ  മെനഞ്ഞതും ഇരുളിൽ തന്നെ.
എങ്കിലും  നല്ല നാളെയുടെ സുന്ദര സ്വപ്നങ്ങൾ
കണ്ണുകളിലേക്കു അരിച്ചിറങ്ങുന്നത് രാവിൽ ഇരുളിൽ
തകർന്ന ഇന്നലെകൾ അണഞ്ഞു
 ഇന്നിൻറെ പുതു വെളിച്ചം തെളിയുന്നതും നിന്നിൽ
പിന്നെയും നടക്കുന്നു ദൈവത്തിന്റെ ചെരുപ്പടികൾ തേടി മുന്നോട്ടു.. ....